News Headlines

0
40

🔳ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിഞ്ഞ് 40ല്‍ അധികം പേരെ കാണാതായി. ബസ്സ് അടക്കമുള്ള വാഹനങ്ങള്‍ക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. 40-ല്‍ അധികം പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ദേശീയപാത അഞ്ച് വഴി കിനൗറില്‍ നിന്ന് നിറയെ യാത്രക്കാരുമായി ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

🔳രാജ്യസഭയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ കടുത്ത വേദന പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ രാജ്യസഭാ ചെയര്‍മാന്‍ വികാരനിര്‍ഭരമായി വിങ്ങിപൊട്ടുകയും ചെയ്തു.

🔳ആയിരം പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലേക്ക് ഇന്ത്യക്ക് 2024-ല്‍ എത്താനാകുമെന്ന് നീതി ആയോഗ്. ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്ന ജനസംഖ്യ, ഡോക്ടര്‍ അനുപാതമാണിത്. നിലവില്‍ രാജ്യത്ത് അനുപാതം 1000-ന് 0.77 ആണ്. ആശുപത്രി കിടക്കകളുടെ എണ്ണം 11 ലക്ഷത്തില്‍നിന്ന് 22 ലക്ഷമായി ഉയര്‍ത്തുമെന്നും നീതി ആയോഗിലെ ആരോഗ്യവിഭാഗം അംഗമായ ഡോ. വിനോദ് പോള്‍ പറയുന്നു.

🔳കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാകും ഇതിന്റെ പഠനവും ക്ലിനിക്കല്‍ പരീക്ഷണവും നടത്തുക.

🔳സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് നല്‍കിയ ലോക്ഡൗണ്‍ ഇളവുകളില്‍ ആശങ്കയറിയിച്ച് കേന്ദ്ര സംഘം. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘം ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി. ഓണം ഉത്സവത്തോടനുബന്ധിച്ച് അണ്‍ലോക്കിങ് പ്രവര്‍ത്തനങ്ങളും ടൂറിസം മേഖല തുറന്ന് നല്‍കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് കേന്ദ്ര സംഘത്തിന് നേതൃത്വം നല്‍കുന്ന എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിംഗ് പറഞ്ഞു.

🔳രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സംസ്ഥാനത്ത് ഉയര്‍ന്നതോതില്‍ രോഗബാധയുണ്ടായതായി കണ്ടെത്തിയെന്ന് കേന്ദ്ര സംഘം. പത്തനംതിട്ട ജില്ലയില്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം 14,974 പേര്‍ക്കും രണ്ടും ഡോസുകളും സ്വീകരിച്ച 5042 പേര്‍ക്കും രോഗം ബാധിച്ചുവെന്ന് കേന്ദ്ര സംഘത്തിന് നേതൃത്വം നല്‍കുന്ന എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിംഗ് പറഞ്ഞു.

🔳സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വേണ്ടി വാക്സിന്‍ വാങ്ങാന്‍ 126 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 20 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനാണ് തുക അനുവദിക്കുക. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി വാക്സിന്‍ സംഭരിച്ച് വിതരണം ചെയ്യുക.

🔳വാക്‌സിന്‍ ചലഞ്ച് മുഖേന സമാഹരിച്ച പണം സംസ്ഥാന സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ആരാഞ്ഞ് പി.സി.വിഷ്ണുനാഥ് എം.എല്‍.എ. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 126 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിഷ്ണുനാഥിന്റെ ചോദ്യം.

🔳സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കി. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും അറിയിച്ചു.

🔳ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത്. യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് നയതന്ത്ര ബാഗിലൂടെയുളള സ്വര്‍ണക്കളളക്കടത്ത് കേസിലെ പ്രതികൂടിയായ സരിത്തിന്റെ മൊഴിയിലുളളത്. പ്രതികള്‍ക്ക് കംസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്.

🔳നിയമസഭയിലെ പ്രസംഗത്തിനിടെ ഭരണപക്ഷം നടത്തിയ ഇടപെടലില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭയില്‍ ഏത് വിഷയം അവതരിപ്പിച്ചാലും ഭരണപക്ഷം എതിര്‍ക്കുന്നത് പതിവായെന്നും മര്യാദയുടെ എല്ലാ സീമകളും ഭരണപക്ഷ അംഗങ്ങള്‍ ലംഘിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കുട്ടനാട് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ മറുപടി പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. സഭയിലെ ചര്‍ച്ചകള്‍ ജനോപകാരപ്രദമായി മാറണമെന്നും പ്രതിപക്ഷം എന്താണ് പറയുന്നതെന്ന് കേട്ടിരിക്കാനുള്ള മാനസികാവസ്ഥയെങ്കിലും ഭരണപക്ഷം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳കോതമംഗലം നെല്ലിക്കുഴിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳കരുവന്നൂരിലെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടിലുണ്ടെന്ന് മന്ത്രി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് നടപടി ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

🔳ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി. കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി മാനേജിങ് ഡയറക്ടറാണ് പൂക്കോയ തങ്ങള്‍. പോലീസ് ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഒമ്പത് മാസമായി ഒളിവിലായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളടെ മകന്‍ ഹിഷാമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

🔳ആര്‍.ടി.ഒ ഓഫീസില്‍ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാര്‍ക്കെതിരെ ആര്‍.ടി.ഒയുടെ കുറ്റപത്രം. ഇവര്‍ ഉപയോഗിക്കുന്ന വാഹനം അപകടം വരുത്തിവെക്കുന്ന രീതിയില്‍ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. വാഹനത്തില്‍ നിയമവിരുദ്ധമായി ലൈറ്റ്, ഹോണ്‍, സൈറണ്‍ എന്നിവ ഘടിപ്പിച്ചുവെന്നും ഇത് നിയമലംഘനമാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

🔳സംസ്ഥാനത്ത് അസൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 96 ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മൂന്ന് മാസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് കോവിഡ് വന്നോട്ടെയെന്ന സ്ഥിതി പാടില്ല. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ലെങ്കില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന് മദ്യം വില്‍ക്കണമെങ്കില്‍ മദ്യശാലകളില്‍ അതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. ചെറിയ കടകളില്‍ പോലും കര്‍ശന കോവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ കൂടുതല്‍ ആളുകള്‍ കൂടുന്ന മദ്യശാലകളില്‍ തിക്കുംതിരക്കുമുണ്ടാകുന്ന സ്ഥിതി തുടരാനാകില്ല. മാന്യമായി മദ്യം വാങ്ങാനും മദ്യം വില്‍ക്കാനുമുള്ള സൗകര്യം വേണമെന്നും കോടതി നിര്‍ദേശിച്ചു.

🔳സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ഇനി മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമേ മദ്യം വാങ്ങാനാകൂ. ഇന്നു മുതല്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാകും.

🔳എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മുകളില്‍ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള തീരുമാനമെടുത്തതെന്ന് ആര്‍.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

🔳തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിന്റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കൈയ്യിനാണ് പരിക്കേറ്റത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

🔳ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേരില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര നടപടിക്ക് പിറകേ രാജീവ് ഗാന്ധിയുടെ പേരില്‍ ഒരു പുരസ്‌കാരം തന്നെ ഏര്‍പ്പെടുത്തി മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍. രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെ മികച്ച സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഐ.ടി പുരസ്‌കാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ രാജീവ് ഗാന്ധിയുടെ പേരുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

🔳53 കോടി രൂപയോളം വില വരുന്ന 8 കിലോ ഗ്രാം ഹെറോയിന്‍ ഷാംപൂ കുപ്പികളിലാക്കി കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. അഫ്ഗാനിസ്താന്‍ സ്വദേശികളായ യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഹെറോയിന്‍ കണ്ടെടുത്തത്.

🔳താലിബാന്‍ ഭീകരരെ അഫ്ഗാനിസ്താന്‍ തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല. അഫ്ഗാന്‍ നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന് പോരാടണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. അഫ്ഗാന്റെ 65 ശതമാനം നിയന്ത്രണവും താലിബാന്‍ കൈക്കലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.

🔳കോവിഡ് 19 വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ നാല്‍പ്പതിലധികം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്ത് ചൈന. കിഴക്കന്‍ നഗരമായ നാന്‍ജിങ്ങില്‍ നിന്നു തുടങ്ങിയ വൈറസ് വ്യാപനം രാജ്യത്തെ 31 പ്രവിശ്യകളുടെ പകുതിയോളം പ്രദേശത്തെ ബാധിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് അച്ചടക്ക നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്.

🔳ടോക്കിയോ ഒളിമ്പിക്സിന് പിന്നാലെ രാജ്യത്ത് ഹോക്കിക്ക് പ്രിയം ഏറുന്നു. ഹോക്കി സ്റ്റിക് ഉണ്ടാക്കി വില്‍ക്കുന്ന കമ്പനികള്‍ തങ്ങളുടെ വ്യാപാരത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പറയുന്നു. 30 ശതമാനത്തോളം പുതിയ ഓര്‍ഡറുകളാണ് ഒളിമ്പിക്സിന് പിന്നാലെ ലഭിച്ചതെന്ന് ചില കമ്പനികള്‍ വ്യക്തമാക്കി.

🔳കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1637 കോടി രൂപയുടെ വിറ്റുവരവ് നേടി. മുന്‍വര്‍ഷത്തില്‍, ഇതേ പാദത്തില്‍ വിറ്റുവരവ് 782 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെ വിറ്റുവരവ് 94 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മിഡില്‍ ഈസ്റ്റിലെ വിറ്റുവരവിലെ വളര്‍ച്ച 183 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഈ പാദത്തില്‍ ഉണ്ടായ ആകമാന നഷ്ടം 86 കോടി രൂപയായിരുന്നപ്പോള്‍ ഈ വര്‍ഷം 51 കോടി രൂപയായി. കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയറും വളര്‍ച്ചയുടെ പാതയിലാണ്. മുന്‍സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 5 കോടി രൂപയായിരുന്ന വിറ്റുവരവ് ഈ വര്‍ഷം 363 ശതമാനമുയര്‍ന്ന് 24 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 1.08 കോടി രൂപ കാന്‍ഡിയര്‍ നഷ്ടമുണ്ടാക്കിയപ്പോള്‍ ഈ വര്‍ഷം 31 ലക്ഷം രൂപ ലാഭത്തിലാണ്.

🔳ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 18.72 ശതമാനം വര്‍ധനവ്. 436.85 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ ഉപകമ്പനികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ 367.97 കോടി രൂപ അറ്റാദായം ഇത്തവണ 425.21 കോടിയായി വര്‍ധിച്ചു. 2021-22 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ കമ്പിയുടെ ആകെ പ്രവര്‍ത്തന വരുമാനം 3.36 ശതമാനം വര്‍ധിച്ചു 1,563.30 കോടി രൂപയായി. മുന്‍ വര്‍ഷമിത് 1512 .53 കോടിയായിരുന്നു.

🔳സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ സിനിമയാണ് അടിത്തട്ട്. ജിജോ ആന്തണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി വെയ്ന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തട്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി. സൂസന്‍ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഖായിസ് മില്ലന്‍ ആണ് സിനിമയുടെ തിരക്കഥാകൃത്ത്.

🔳ഹീരാമാണ്ടി എന്ന വെബ്‌സീരീസുമായി ഡിജിറ്റല്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സഞ്ജയ് ലീല ബന്‍സാലി. സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. ഇന്ത്യ സ്വാതന്ത്യം നേടുന്നതിന് മുമ്പുള്ള ലാഹോറിന്റെ പശ്ചാതലത്തിലാണ് സീരീസ് ഒരുങ്ങുന്നത്. ഹീരാമാണ്ടി എന്ന സ്ഥലത്തെ സ്ത്രീകളുടെ കഥയാണ് പ്രമേയം. ലാഹോറിലെ ‘റെഡ് ലൈറ്റ് ഏരിയ’ എന്നാണ് ഹീരാ മാണ്ടി അറിയപ്പെടുന്നത്.

🔳ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി ചലൈന്‍ ശ്രേണിയിലെ പെര്‍ഫോമന്‍സ് കാറുകള്‍ 2021 സെപ്റ്റംബറില്‍ ഇന്ത്യയില്‍ എത്തും. ഇക്കൊല്ലംതന്നെ എന്‍ ലൈന്‍ ബാഡ്ജിലുള്ള ആദ്യ വാഹനം ഇന്ത്യയിലെത്തിക്കും. നിലവിലുള്ള മോഡലുകളെ അടിസ്ഥാനമാക്കി തന്നെയാവും എന്‍ ലൈന്‍ ബ്രാന്‍ഡ് അവതരിപ്പിക്കുക. സ്പോര്‍ട്സ് കാറുകളുടെ രൂപഭംഗിയാണ് ഇവയെ നിലവിലുള്ള മോഡലുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ഏകദേശം 12 ലക്ഷത്തിനടുത്ത് ച ലൈന്‍ പതിപ്പിന് വില പ്രതീക്ഷിക്കാം.

Leave a Reply