നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
വിദേശത്ത് ആയിരുന്ന വിജയ് ബാബു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. കൊച്ചിയിലെത്തിയ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.
അവസരം നല്‍കാത്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉള്ളതെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.
ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്‌ലാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.